Monday, March 21, 2016

മദ്യപന്റെ മാനിഫെസ്റ്റോയെക്കുറിച്ച്

മദ്യപൻ എന്ന് പുല്ലിംഗത്തെയാണ് “മദ്യപന്റെ മാനിഫെസ്റ്റോ” എന്ന പുസ്തകത്തിന്റെ അഭിസംബോധനയെങ്കിലും ആണുങ്ങടെ മദ്യസഭകളുടെ നൊസ്റ്റാൾജിയ ഛർദ്ദിക്കുന്നതല്ല ഈ പുസ്തകം. ഇത്, ബ്രാന്റ് വേറാണ്. മദ്യപാനം മഹത്തരമാണെന്നോ മദ്യപിക്കാത്തവർ ഈലോകതത്വമറിയാത്ത മക്കുണരാണെന്നോ ഇതിലില്ല. മദ്യം ആരോഗ്യത്തിനു ഹാനികരമാണെന്ന് പുസ്തകത്തിന്റെ പുറംചട്ടയിലേ പറയുന്നുണ്ട്. 'അധികമായാൽ അമൃതും വിഷം' എന്ന പഴമൊഴി അകത്തൊരിടത്തു ചേർത്തിട്ടുമുണ്ട്. രാഷ്ട്രീയവും സാംസ്കാരികവുമായ മാന്യതകളുടെ വ്യാജലഹരികളെക്കുറിച്ചാണ് ഈ കിതാബ്.

മദ്യംപോലെ മാന്യതയുടെ അളവുകോൽ വേറില്ല. കൂടിയ ബ്രാന്റടിക്കുന്നവൻ കൂടിയ പുള്ളി എന്നാണല്ലോ എന്നും. പഞ്ചനക്ഷത്രത്തിലിരുന്നു കാശുള്ളവന് ഇഷ്ടം പോലെ കുടിക്കാം എന്ന് സർക്കാർ. കാശില്ലാത്ത കൂലിപ്പണിക്കാരൻ ബാറിൽ കേറണ്ട എന്നുംകൂടിയാണല്ലോ‌ ഇപ്പൊഴത്തെ മദ്യനയത്തിന്റെ ഒരിത്. മദ്യശാലയിൽ നിന്നും അകലം പാലിച്ചില്ലെങ്കിൽ വിശുദ്ധിപോകും എന്ന് ദേവാലയക്കാർ. വല്യ വല്യ അക്കാദമിക് കോൺഫറൻസുകളുടെ ഭാഗമയി ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യും നമ്മുടെ ഭാരതത്തിൽ ഇക്കാലത്തും മദ്യ വിളമ്പും പാർട്ടികൾ ഉണ്ടാകാറുണ്ട്. സായിപ്പിന്റെ ശരീരം മാത്രേ‌പോയിട്ടുള്ളൂ‌ എന്ന് സാരം. അങ്ങനെ മാന്യതയുടെ അതിരിൽ നിന്നും തീണ്ടാപ്പാടകലെ നിർത്തിയിരിക്കുന്ന മദ്യത്തെക്കുറിച്ചും അകറ്റിനിർത്തുന്ന നമ്മുടെ മാന്യതയുടെ മൊഞ്ചിനെക്കുറിച്ചുമൊക്കെയാണ് ഈ മാനിഫെസ്റ്റോ. മദ്യപന്റെ വെള്ളം ചേർക്കാത്ത അനുഭവങ്ങളാണ് ഈ പുസ്തകത്തിനു നിദാനം എന്തെന്നാൽ 'അനുഭവം' എന്ന് കുപ്പിയിലാണ് പ്രസാധകർ ഈ പുസ്തകത്തെ നിറച്ചിരിക്കുന്നത്.

മദ്യവിരോധികൾ അഥവാ മദ്യം നിരോധിച്ചേ തീരൂ എന്ന് കട്ടായം പറയുന്ന മാഹാത്മാക്കളുടെ തരം പോലെ തിരിയുന്ന നീതിബോധത്തെക്കുറിച്ചു ചരിത്രവും വർത്തമാനവും കഥപറയുന്നു. ഇത്തരം നീതിമാന്മാരിൽ കാമധർമ്മവ്യസനിതനായിരുന്ന സാക്ഷാൽ എം.കെ.ഗാന്ധി മുതൽ കേരളാഗാന്ധി കേളപ്പൻ വഴി അഭിനവഗാന്ധിവേഷധാരികളാം ആന്റണിജിയും വി.എം.സുധീരൻ ജിയും വരെ ഉണ്ട്. (ജി ഒരു സംഘി പ്രത്യയം മാത്രമല്ല ഒരു കോൻഗ്രസ്സ് പ്രത്യയം കുടിയാണ്). മദ്യസേവയില്ലെങ്കിലും ഉള്ളിക്കറി തിന്നുമെങ്കിലും സ്വയം സേവിക്കുന്നവരാം ആർഷഭാരതീയർ ഗാന്ധിഘാകനെ രഹസ്യമായി ആരാധിക്കുകയും പരസ്യമായി (തീരെ നിവൃത്തി ഇല്ലാതെ വരുമ്പോൾ) തള്ളിപ്പറയുകയും ചെയ്യുന്നതിൽ ധർമ്മവ്യസനിത്വം ഉണ്ടോ? അറിയില്ല. ലേകിൻ, ടി സേവകരും പൊതുവിൽ മദ്യത്തിനെതിരാണ്.

പുരോഗമനം എന്ന ചുരുക്കപേരിൽ അറിയപ്പെടാൻ എക്കാലവും ആഗ്രഹിക്കുന്ന ഇടതിന്റെ സദാചാരനിഷ്ഠകളെക്കുറിച്ചും ഈ പുസ്തകം സംസാരിക്കുന്നുണ്ട്. ഡി.പി. ത്രിപാഠിയെന്ന പഴയ സഖാവിന്റെ വിവരണം അങ്ങനെ വരുന്നതാണ്. കാന്റീനിൽ ഇരുന്ന് ഏതോ സ്സ്ത്രീ സഖാവിനോട് സംസാരിച്ചതിനാൽ പാർട്ടി അച്ചടക്ക നടപടി നേരിട്ട സി.ഭാസ്കരനെക്കുറിച്ചും പുസ്തകത്തിൽ ഓർക്കുന്നുണ്ട്. തീർന്നില്ല. മദ്യത്തോടൊപ്പം കാമവും പ്രേമവും വിഷയമാകുന്നത് പുതിയകാര്യമല്ല. പ്ലേറ്റോ പ്രേമത്തെക്കുറിച്ച് പറയുന്ന സിമ്പോസിയം എന്ന ഡയലോഗ് നടക്കുന്നത് ഒരു മദ്യസഭയിലാണ്. ആരോഗ്യകരമായ മദ്യപാനത്തെപ്പറ്റി ഡയലോഗടിച്ചാണ് ആ സിമ്പോസിയം തുടങ്ങുന്നത് തന്നെ. അവനവൻ ആരോഗ്യാനുസരണം-കപസിറ്റിക്കനുസരിച്ചു മാത്രം- കുടിക്കുക എന്നാണ് താത്വിക മൊഴി. 1967 , മഹാത്മജിയുടെ ജന്മശതാബ്ദി വർഷത്തിൽ സ: .എം.എസ് കേരളത്തിൽ ഭാഗികമായുണ്ടായിരുന്ന മദ്യനിരോധനവും നിസ്സങ്കോചം വേണ്ടെന്നു വെച്ചു. നാടു നീളെ മദ്യശാലകൾ സൃഷ്ടിക്കുകയാണ് പുതിയ ശങ്കരനെന്ന് സാക്ഷാൽ വി.ടി. നിശിതവിമർശനം ചെയ്തു. “നമ്പൂതിരിപ്പാട് കുലുങ്ങിയില്ല. മദ്യനിരോധനം സസ്പെന്റു ചെയ്തതിനു പിന്നാലെ അദ്ദേഹം കേരള ലോട്ടറിയെന്ന ചൂതാട്ടം ആരംഭിച്ചു. നിരാശാഭരിതരായ മലയാളികൾക്ക് ഭാവിയിൽ മദ്യമല്ലാതെ മറ്റൊരാശ്വാസമുണ്ടാവില്ലെന്നും, ലോട്ടറിയടിച്ചാലല്ലാതെ അവർ രക്ഷപ്പെടാനിടയില്ലെന്നുമുള്ള ക്രാന്തദർശിത്വം തിരുമേനിക്കുണ്ടായിരുന്നു. കള്ളുചെത്തു കൂടി നിരോധിക്കണമെന്ന അഭിപ്രായമുള്ള തീവ്ര മദ്യ വിരുദ്ധപ്രസ്ഥാനമായ മുസ്ലീം ലീഗിന്റെ സമാരാധ്യ നായകൻ സി.എച്ച്. മുഹമ്മദ് കോയ ആ മന്ത്രിസഭയിൽ പ്രബലനായി വാണിരുന്നെന്നും ഓർക്കണം...”(75). ലീഗിനിത് തീരെ ഇഷ്ടപ്പെടാത്ത ഒരു ഓർമ്മയായിരിക്കും. ഇമ്മാതിരി, ആളുകളെ മക്കാറാക്കുന്ന ഓർമ്മകളെ ഇടയ്ക്കിടെ തോണ്ടിപുറത്തിടുന്നുണ്ട്‌ ഈ പുസ്തകം.

ഭാര്യയുടെ പേരിലുള്ള ബാറു (അടൂരിലെ യമുന) കൂടാതെ ബിനാമി പേരിൽ ബാറുകളുണ്ടെന്ന് പറയപ്പെടുന്ന അബ്കാരിയെ, സോറി, അടൂർ പ്രകാശൻ എന്ന ജനപ്രതിനിധിയെ മന്ത്രിസഭയിലെടുത്തു ഉമ്മൻ ചാണ്ടി ജി, 2004 . ഘട്ടംഘട്ടമായി സമ്പൂ‌‌ർണ്ണ മദ്യ നിരോധനം എന്ന മന്ത്രം ഉരുക്കഴിക്കുന്ന ചാണ്ടി സാറിനു, മദ്യത്തിന്റെ രസതന്ത്രം ഉപദേശിക്കാൻ അന്ന് അടൂർ പ്രകാശനും, അബ്കരികളുമായി അവിശുദ്ധ ബന്ധമുണ്ടെന്നു ലീഡർ കരുണാകരനാൽ ആരോപിക്കപ്പെട്ട വക്കം പുരുഷോത്തമനും (എക്സൈസ് മന്ത്രി) വേണ്ടിയിരുന്നു എന്നു കിതാബിലെ ന്യായം. ഇങ്ങനെപോയി, കള്ളുവ്യവസായികളാൽ ഇപ്പോൾ നടത്തപ്പെടുന്ന ശ്രീനാരയാണ ധർമ്മ പരിപാലന സംഘത്തെക്കുറിച്ചുമെല്ലാം പുസ്തകത്തിൽ സൂചനയുണ്ട്. ധർമ്മം ധർമ്മക്കാരനായെന്ന് പറഞ്ഞ വൈലോപ്പിള്ളി മദ്യപാനിയായിരുന്നോ ആവോ? ഈ പുസ്തകത്തിൽ ഇല്ല.
ഇമ്മട്ടിൽ, മദ്യവിരുദ്ധരുടെ ധർമ്മനിഷ്ഠകളിലെ വ്യാജത്തെക്കുറിച്ച് ഈ പുസ്തകം സംസാരിക്കുന്നു. മദ്യപിക്കാത്തവർ, സോറി, മദ്യത്തിനെതിരെ പറയുന്നവർ മാന്യരാകുന്ന കാലത്ത് മാന്യതയുടെ പിന്നിലെ നെറികേടിന്റെ മനോഹരമായ മുഖം കാട്ടിത്തരുന്ന ഈ കിതാബ് കണ്ണാടിയുടെ ഗുണം ചെയ്തേക്കാം. 'കണ്ണാടി കാണ്മോളവും തന്മുഖം ഏറ്റം നന്നെന്നല്ലോ' കവി വചനം. വചന്നം സത്യമാകുന്നു. ആയതിനാൽ, കല്യാണത്തിനു വെള്ളം വാറ്റി വീഞ്ഞാക്കിയവന്റെ സഭക്കാർ, മദ്യത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചും ബാറുകള്‌ നടത്തിയും തളരുന്ന കേരളം എന്ന വലിയ ഇടവക ഈ പുസ്തം വായിക്കേണ്ടതാണ്.

ഇത്രമാത്രമല്ല ഇതിലുള്ളത്. മദ്യത്തിന്റെ വിലയിലെ വലിയ കള്ളത്തെക്കുറിച്ചും അതുവഴിയുള്ള ചൂഷണത്തെക്കുറിച്ചും വ്യക്തമായുണ്ട്. സർക്കാർ സ്വന്തം നിലയ്ക്ക് ചെയ്യുന്ന തീവെട്ടിക്കൊള്ളയായതിനാൽ അതിൽ ഏറെ ഒന്നും പറയേണ്ടതില്ല. അമ്പതു തെങ്ങിലെ കള്ളുകൊണ്ട്‌ അയ്യായിരത്തിലേറെ മഹത്തുക്കളെ നിറയ്ക്കുന്ന ഷാപ്പുകൾക്ക് ലൈസൻസുള്ള ഈ നാടു കണ്ട്‌ അഞ്ചപ്പം കൊണ്ട് അയ്യായിരത്തിനെ ഊട്ടിയ കർത്താവ് കേരളത്തിൽ വന്നാൽ പ്ലിംഗിപ്പോകും. പള്ളിമാത്രമല്ല പുള്ളിക്ക് പ്ലിംഗാനുള്ള കാരണമെന്ന് സാരം.
കന്നാലി കാടികുടിക്കുന്നതുപോലെ മലയാളികൾ മദ്യം മോന്തുന്നതെന്തെന്നതിലേക്ക് ചെറിയ നിരീക്ഷണങ്ങളുണ്ട്. മദ്യമുണ്ടാകും മുന്നേ അലമ്പായ മലയാളിയാണ് കുറിയേടത്ത് താത്രിയെ ഉണ്ടാക്കിയതെന്ന് സാംസ്കാരിക മേൽക്കോയ്മക്കാർക്ക് നസ്യമുണ്ട്. സംബന്ധവും അസംബന്ധവുമായിക്കഴിഞ്ഞ പൂർവ്വകാലത്തെക്കുറിച്ചുള്ള ചില ഓർമപ്പെടുത്തലുകൾ ഇപ്പൊഴത്തെ നായർ തറവാടികൾക്ക് രസിക്കാൻ ഇടയില്ല. ചോവൻ ചെത്തും. ചോത്തി കുടിക്കാൻ വരുന്നവനെ പരിചരിക്കും. ഈ ഭൂതകലം കൂടി ആകുമ്പോൾ, മലയാളത്തിന്റെ നടപ്പ് സദാചാരക്കാരിൽ ഏറെപ്പേരുടെയും 'തറവാട്ടിൽ' ദോഷം ഉണ്ടെന്നും വരാം. സംസ്കാരത്തിന്റെ മേനിപറച്ചിലിലെ ജാതികളെക്കുറിച്ചും പുസ്തകം കടന്നു ചെല്ലുന്നു.
'മദ്യം വിഷമാണ്. അത് കുടിക്കാൻ വിഷമമാണ്. അത് കുടിച്ചാലും വിഷമമാണ്.' എന്ന് പറഞ്ഞു തന്ന പേരോർമ്മയില്ലാത്ത ഇക്കയെ സ്മരിച്ച് ഈ കുറിപ്പ് നിർത്തുന്നു.

മദ്യപന്റെമാനിഫെസ്റ്റൊ വാറ്റിയെടുത്തത് ഗിരീഷ് ജനാർദ്ദനൻ
കടലാസിലാക്കി വിളമ്പുന്നത് ഗ്രീൻ ബുക്സ്.
വില: ഓൾഡ് മോങ്ക് റമ്മിന്റെ ക്വാർട്ടറിനേക്കൾ കുറവ്-95 രൂപ.

No comments:

Blog Archive