Sunday, June 8, 2014

തീര്‍ച്ചകള്‍

നീ നട്ട മരത്തിന്റെ
പച്ചക്കൊമ്പുകള്‍ വെട്ടി
മഴുവിന്നുകൈയിട്ട
പാതകിയ്‌ക്കിവന്റെ പേര്‍.
എനിക്കു പിറക്കുന്നവന്‍
എന്റെ പര്യായമാകും
അതിനാല്‍ പെണ്ണേ
ഒരു മകളെത്തരിക നീ.
അവള്‍ നിന്‍ തുടര്‍ച്ചയായ്
മണ്ണിന്റെ മഹാബോധ-
ഹരിതഹൃദയത്തിന്‍
ഉറവില്‍ തെഴുക്കട്ടെ.
ആഴത്തില്‍ വേരോടുന്ന
മരത്തിലവളുടെ
സ്വാതന്ത്ര്യബോധത്തിന്റെ
ഇലകള്‍ ചിരിക്കട്ടെ.

മാഞ്ഞുപോകട്ടേ എന്റെ
മുദ്രകള്‍, ഇനിയും നിന്‍
പാരതന്ത്ര്യത്തിലെന്റെ
പാപമോചനത്തിന്റെ
പാതകള്‍ തുറക്കുന്ന
പാതകിയാകാന്‍ വയ്യ.
അതിനാല്‍ പെണ്ണേ
പുത്രരില്ലാത്ത ജന്മത്തിന്മേല്‍
വിരമിക്കട്ടെ എന്റെ
വംശഗാഥകളൊക്കെ.

കുമ്പസാരിച്ചതല്ല
ത്യാഗിയായതുമല്ല
നൃശംസജന്മത്തിന്റെ
തീര്‍ച്ചകള്‍, അത്രമാത്രം.

അത്രമാത്രമേയുള്ളു
ബാക്കിയായ് നീയേയുള്ളു.
അത്രമാത്രമേ വേണ്ടൂ
ബാക്കിയായ് നീയേ വേണ്ടൂ

2 comments:

Pradeep Kumar said...

ഒന്നും ബാക്കിവെക്കരുത് ....
കവിതക്ക് കരുത്തുണ്ട്.......

മുബാറക്ക് വാഴക്കാട് said...

നീ നട്ട മരത്തിന്റെ
പച്ചക്കൊമ്പുകള്‍ വെട്ടി
മഴുവിന്നുകൈയിട്ട
പാതകിയ്‌ക്കിവന്റെ പേര്‍....

മനോഹരം..
ബാക്കിയാവട്ടെ..
എല്ലാം....... :)
പ്രതീക്ഷകള൪പ്പിക്കാം....

Blog Archive