Thursday, October 7, 2010

കടല്‍

കടല്‍ കടക്കുവാന്‍ കിനാവിന്‍ തോണിയില്‍
കരുത്തനായൊരാള്‍ തുഴയെടുക്കണം
കടലറിയുവാന്‍ കനവില്‍ കാലത്തെ
കൊരുത്തെടുക്കുന്ന കൊളുത്തു പേറണം.

കടല്‍: കരുത്തെഴും കരങ്ങളാല്‍ മണ്ണിന്‍
മനസ്സ് കാക്കുന്ന കനത്ത പൗരുഷം
കടല്‍: കലങ്ങാതെ, കറയൊഴുകുന്ന
പുഴകള്‍ക്കായാഴമൊരുക്കും ആശ്രയം.

കടല്‍: കലികേറി കര വിഴുങ്ങുവോന്‍
കരഞ്ഞുകൊണ്ടാഴക്കറുപ്പില്‍ മുങ്ങുവോന്‍
കഴിഞ്ഞതൊന്നുമേ മറക്കാതുപ്പായി
കരള്‍ത്തടങ്ങളില്‍ കരുതി വച്ചവന്‍.

കുരുന്നായ് ജീവനന്നുണര്‍ന്നതും പിന്നെ
പെരുത്തതും കടല്‍ വെടിഞ്ഞു പോയതും
കരനിറഞ്ഞതും കറയായ് മണ്ണിനെ
പൊതിഞ്ഞതും മഴ തികയാതായതും

മറക്കാനാകാതെ, മനുഷ്യനെയോര്‍ത്ത്
കരഞ്ഞുതീരാതെ, കലിയടങ്ങാതെ
കരയോടൊന്നുമേ പറഞ്ഞു തീരാതെ
കടല്‍ കലമ്പുന്നു നിറുത്താതിപ്പൊഴും.

കടല്‍ കടക്കുവാന്‍ കരുത്തു പൊരാതെ
കരക്കിരുന്നു ഞാന്‍ തിരകളെണ്ണുന്നു

1 comment:

അനൂപ് കോതനല്ലൂർ said...

കടൽ എന്ന പദം കൂടുതൽ ആവർത്തിക്കുന്നത് കവിതയുടെ ഭംഗി നഷ്ടപെടുത്തുന്നു.

Blog Archive